പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍

കേരളത്തിലെ അറിയപ്പെടുന്ന ഭാഷാപണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രൻനായർ. ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും വ്യാകരണപ്പിശകുകളും ചൂണ്ടിക്കാണിച്ചുകൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.

ജീവചരിത്രം

ജീവചരിത്രം

രാമചന്ദ്രന്‍നായര്‍ 13 ആഗസ്ത് 1931 (28 കർക്കടകം 1106) ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലെ പന്മനയിൽ കണ്ണകത്ത് കുഞ്ചു നായരുടെയും കളീലിൽ ലക്ഷ്മിക്കുട്ടി അമ്മയുടെയും ഏക സന്തതിയായി ജനിച്ചു. കുഞ്ചു നായരെ ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ സ്നേഹവാത്സല്യത്തോടെ ‘ഭാഗവതർ’ എന്ന് വിളിച്ചിരുന്നു. ചട്ടമ്പിസ്വാമികളുടെ സമാധിസ്ഥലമായ പന്മന ആശ്രമത്തിന് സമീപമുള്ള സംസ്കൃത വിദ്യാലയത്തിൽ പഠിച്ച് രാമചന്ദ്രൻനായർ ശാസ്ത്രിപ്പരീക്ഷ ജയിച്ചു. കരുനാഗപ്പള്ളി ഹൈസ്കൂളിൽ പഠിച്ച് ഇ.എസ്.എല്‍.സി. പാസ്സായി. ഇന്റർമീഡിയറ്റ് കോളേജിലെ പഠനത്തെ തുടർന്ന് കൊല്ലം എസ്. എൻ. കോളേജിൽ നിന്ന് ഊർജ്ജതന്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. 1957ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് എം. എ. മലയാളം ഒന്നാം ക്ലാസ് ഒന്നാം റാങ്കോടെ പാസ്സായി ഡോ. ഗോദവർമ്മ പുരസ്കാരം നേടി. വിദ്യാർത്ഥി കാലത്തുതന്നെ പന്മന മലയാളത്തിലും സംസ്കൃതത്തിലും കവിതാരചന നടത്തുകയും മാസികകൾ എഡിറ്റ് ചെയ്യുകയും ചെയ്തിരുന്നു.

പന്മനയുടെ പുസ്തകങ്ങള്‍

കവിത, സാഹിത്യ നിരൂപണം, ഉപന്യാസം, വ്യാകരണം, വ്യാഖ്യാനം, പരിഭാഷ, ജീവചരിത്രം, ബാലസാഹിത്യം, ആത്മകഥ എന്നീ മണ്ഡലങ്ങളില്‍ പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്‌. സുപ്രസിദ്ധ സംസ്കൃത ഭക്തികാവ്യമായ നാരായണീയത്തിന്റെ ലളിതസുഭഗമായ ഗദ്യപരിഭാഷ അദ്ദേഹത്തിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം നേടിക്കൊടുത്തു.

Pin It on Pinterest