ഹിമാദ്രിയുടെ മലയാളം

ഹിമാദ്രിയുടെ മലയാളം

2014ൽ നല്ല ഭാഷ പുരസ്കാരദാനത്തോടനുബന്ധിച്ച് മാതൃഭൂമി ദിനപത്രത്തിൽ വന്ന മുഖപ്രസംഗം

ശ്രേഷ്ഠഭാഷയെന്ന പദവി നേടിയിട്ടും മലയാളം പഠിക്കാനും പഠിപ്പിക്കാനും ഭരണഭാഷയാക്കാനും മലയാളി മടികാട്ടുന്ന കാലത്ത് ഒരു സദ്വാര്‍ത്തവരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍നിന്ന് തൊഴില്‍തേടി കേരളത്തിലെത്തിയ ഒരു കൂലിപ്പണിക്കാരന്റെ ഒമ്പതു വയസ്സുകാരിയായ മകള്‍ മാതൃഭാഷപോലെ മലയാളം പഠിച്ച് മത്സരങ്ങളില്‍പ്പോലും ഒന്നാമതെത്തുന്നു. വായന മത്സരത്തിലും കൈയക്ഷരമത്സരത്തിലുമെല്ലാം ഒന്നാം സമ്മാനംനേടുന്ന അവള്‍ക്ക് ഇപ്പോള്‍ ഒരു പുരസ്‌കാരവും ലഭിച്ചിരിക്കുന്നു. അസമിലെ ഗുലാഘാട്ടില്‍നിന്ന് മലപ്പുറം ജില്ലയിലെ പുലാമന്തോളിനടുത്തുള്ള പാലൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ പണിക്കാരനായെത്തിയ അഭിലാഷ് മാജിയെന്ന മറുനാടന്‍ തൊഴിലാളിയുടെ മകളായ ഹിമാദ്രി മാജിയെന്ന മിടുക്കിയാണ് മലയാളികളേക്കാള്‍ നന്നായി മലയാളം പഠിച്ച് മാതൃക സൃഷ്ടിച്ചിരിക്കുന്നത്. നാലുവര്‍ഷം മുമ്പ് കെട്ടിടനിര്‍മാണത്തൊഴിലാളിയായി എത്തിയ അഭിലാഷ് മാജി പിന്നീടാണ് ഭാര്യയെയും മകളെയും കൂട്ടിക്കൊണ്ടുവന്നതും മകളെ പാലൂര്‍ എല്‍.പി. സ്‌കൂളില്‍ ഒന്നാംക്‌ളാസില്‍ ചേര്‍ത്തതും. അസമില്‍ രണ്ടാംക്‌ളാസില്‍ പഠിക്കുകയായിരുന്ന ഹിമാദ്രി വളരെവേഗം മലയാളം പഠിച്ചു. പറയാനും എഴുതാനും വായിക്കാനും മാത്രമല്ല ചില മലയാളകവിതകള്‍ ഈണത്തില്‍ ചൊല്ലാനും ഇന്ന് ഹിമാദ്രിക്കറിയാം. വടിവൊത്ത കൈയക്ഷരത്തില്‍ മലയാളമെഴുതുന്ന അവളുടെ ഉച്ചാരണവും മലയാളവഴക്കത്തില്‍ത്തന്നെ.

തെറ്റില്ലാത്ത മലയാളത്തിനുവേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തുന്ന പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫസര്‍ പന്മന രാമചന്ദ്രന്‍നായരാണ് തന്റെ ‘നല്ല ഭാഷ’ എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് അതേ പേരിലുള്ള പതിനായിരം രൂപയുടെ പുരസ്‌കാരം ഹിമാദ്രിമാജിക്കു പ്രഖ്യാപിച്ചിരിക്കുന്നത്. മാതൃഭാഷയോടുള്ള അവഗണന സര്‍ക്കാര്‍ തലത്തില്‍ത്തന്നെ നിലനില്‍ക്കുന്ന കേരളത്തില്‍ അസമില്‍നിന്നെത്തിയ ആ ബാലിക സൃഷ്ടിച്ചിരിക്കുന്ന അനുകരണീയ മാതൃകയ്ക്കുള്ള പുരസ്‌കാരമാണത്. മലയാളം പഠിക്കുന്നത് വിഷമകരമാണെന്നും പഠിച്ചിട്ടെന്തുപ്രയോജനമെന്നും വിവേകശൂന്യമായി ചോദിക്കുന്നവര്‍ക്കും മക്കളെ മലയാളത്തില്‍നിന്നകറ്റി വളര്‍ത്തുന്നതില്‍ രഹസ്യമാെയങ്കിലും അഭിമാനിക്കുന്നവരും കണ്ടുപഠിക്കേണ്ട മാതൃകയാണ് ഹിമാദ്രി. ആ ബാലികയ്‌ക്കൊപ്പം അഭിനന്ദനീയനാണ് അവളുടെ പിതാവ് അഭിലാഷ് മാജി. കേരളത്തിലെ ജനജീവിതത്തിെന്റ ഭാഗമായിക്കഴിഞ്ഞ മറുനാടന്‍ തൊഴിലാളികളില്‍ കുടുംബത്തോടെ കഴിയുന്നവരില്‍ ഭൂരിഭാഗവും മക്കളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതില്‍ താത്പര്യം കാട്ടാറില്ല. പണമുണ്ടാക്കി സ്വന്തം നാട്ടിലേക്കുപോകാനുള്ള തത്രപ്പാടില്‍ വിദ്യാഭ്യാസത്തിന് അവര്‍ വലിയ വില കല്പിക്കുന്നില്ല എന്നതാണുവാസ്തവം. ഇവിടെയാണ് അഭിലാഷ് വ്യത്യസ്തനാവുന്നത്. താന്‍ മാത്രമാണ് കൂലിപ്പണിക്ക് പോകുന്നതെങ്കിലും താമസിക്കുന്നത് അസൗകര്യങ്ങള്‍ മാത്രമുള്ള വാടകവീട്ടിലാണെങ്കിലും മകള്‍ക്ക് വിദ്യയുടെ വെളിച്ചം വേണമെന്ന് അയാള്‍ തീരുമാനിച്ചു. വിദ്യാഭ്യാസത്തിന് കേരളത്തിലുള്ള പ്രാധാന്യമാണ് അഭിലാഷിനെ അതിനു പ്രേരിപ്പിച്ച ഘടകങ്ങളിലൊന്ന്. മകള്‍ക്ക് ഒരു നല്ല ജോലികിട്ടണമെന്നും അയാള്‍ ആഗ്രഹിക്കുന്നു.

കേരളത്തിന്റെ ജനസംഖ്യാഘടനയിലും സാംസ്‌കാരിക ഘടനയിലും വന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളെക്കൂടിയാണ് ഹിമാദ്രി മാജിയുടെ മലയാളപഠനം സൂചിപ്പിക്കുന്നത്. ബഹുസാംസ്‌കാരികമായ ഒരു സമൂഹമായി നാം പതുക്കെപ്പതുക്കെ പരിണമിക്കുന്നതിന്റെ അടയാളങ്ങളാണിവ. മറുനാടന്‍ തൊഴിലാളികളുടെ കാര്യത്തില്‍, വിശേഷിച്ചും അവരുടെ കുട്ടികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ സമീപനം കൈക്കൊള്ളേണ്ടതുണ്ട്. സാക്ഷരകേരളത്തില്‍ ആ മറുനാടന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസത്തിന് അവകാശമുണ്ട്. ഹിമാദ്രിയെപ്പോലെ അവര്‍ മലയാളം പഠിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ സ്‌കോളര്‍ഷിപ്പുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണം. മലയാളികളായ പ്രവാസികളിലൂടെ മാത്രമല്ല കേരളത്തിലെത്തുന്ന ആഭ്യന്തര പ്രവാസികളിലൂടെയും മലയാളം അതിര്‍ത്തികടക്കട്ടെ.

Pin It on Pinterest