മലയാളവും മാദ്ധ്യമങ്ങളും

മലയാളവും മാദ്ധ്യമങ്ങളും

കരിയര്‍ മാഗസിനില്‍ എഴുതിയ ഈ ലേഖനത്തിലൂടെ മലയാളികൾ ഭാഷയോട് കാട്ടുന്ന ‘ക്രൂരത’ എടുത്തുകാട്ടുകയാണ് പന്മന.

പത്രങ്ങള്‍ക്കും റേഡിയോയ്ക്കും പുറകെ നമുക്ക് ലഭിച്ച അതിവിശിഷ്ടമാദ്ധ്യമമത്രേ ടെലിവിഷന്‍. ടി വി യില്‍ വര്‍ണ്ണഭംഗിയാര്‍ന്ന ലിപികള്‍ കൊണ്ട് എഴുതിക്കാണിക്കുന്നതിനാൽ പ്രേക്ഷകമനസ്സിൽ ഭാഷ വളരെ ശക്തിയോടെ പതിയുന്നു. അതിനാല്‍, ശരി എന്ന പോലെ തെറ്റും നന്നായി പ്രചരിക്കും എന്നത് നടത്തിപ്പുകാര്‍ പ്രത്യേകം ഓര്‍ക്കണം. ദൂരദര്‍ശനിൽ കാണുകയും കേള്‍ക്കുകയും ചെയ്ത ഭാഷാപരമായ തെറ്റുകളെക്കുറിച്ചു പുസ്തകങ്ങളിലും ലേഖനങ്ങളിലുമായി പല തവണ എഴുതിയിട്ടുണ്ട് ഈ ഗ്രന്ഥകാരന്‍. മലയാളികളുടെ സംഭാഷണങ്ങളിലും റേഡിയോപരിപാടികളിലും കേള്‍ക്കാൻ കഴിഞ്ഞ ഇംഗ്ലീഷ് കലര്‍ന്ന വികൃത മലയാളത്തെക്കുറിച്ച് ഇരുപതുകൊല്ലം മുൻപ് ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ മലയാളം + ഇംഗ്ലീഷ് എന്നതിന് മംഗ്ലീഷ് എന്നാണ് തലക്കെട്ടു നല്‍കിയത്. ഇയ്യിടെ വന്ന ടി. വി.കളിലെ മംഗ്ലീഷ് ഭാഷയാകട്ടെ, വളരെ വളരെ അസഹ്യം എന്നേ പറയാവൂ. മലയാളത്തനിമയാകെ കളഞ്ഞു കുളിക്കുന്ന കൃത്രിമമലയാളക്കാരെ ക്കുറച്ചെങ്കിലും നല്ല മലയാളത്തിലേക്കു നയിക്കുന്നതാവണ്ടേ, ഇവയിലെ പരിപാടികള്‍? എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പ്രേക്ഷകരെ ഈ ലക്ഷ്യത്തിലേക്ക് എന്നതിനെക്കാൾ എതിര്‍ദിശയിലേക്ക് നയിക്കുന്നവയാണ് പരിപാടികളില്‍ പലതും. ഈ ദുരവസ്ഥയില്‍ ഏറെ ദുഃഖിക്കുന്നവരത്രേ സംസ്കാര സമ്പന്നരായ എല്ലാ പ്രേക്ഷകരും.

ഒരു വീട്ടമ്മയോട് സംസാരിക്കുമ്പോള്‍ ‘അഭിമുഖ’ക്കാരന്‍ പയ്യൻ ചോദിക്കുന്നു. ‘ടൈം പാസ്സൊക്കെ’? എന്ന്. ‘നേരം പോവാനൊക്കെ ?’ എന്ന് ചോദിച്ചാല്‍ മലയാളമായിപ്പോവില്ലേ? സിനിമാപ്പാട്ടുകളവതരിപ്പിക്കുന്ന സുന്ദരിയായ പെണ്‍കുട്ടി പ്രേക്ഷകരോടു പറയുന്നു: ‘ ആ പാറ്റ് വലരെ ഇസ്റ്റമായി എന്നരിയുന്നതില്‍ സന്തോഷം.’ ഈ വിധത്തിലുള്ള കൊഞ്ഞ മലയാളം കേള്‍പ്പിക്കുന്നതിലും പുതിയ ടി വി കൾ തമ്മിൽ മത്സരമുണ്ടോ എന്ന് സംശയിച്ചുപോകുകയാണ്. ‘കൊഞ്ഞ’ + ‘മലയാളം’ എന്നതിനെ ‘കൊലയാളം’ എന്ന് വിളിച്ചുകൂടെ?

മലയാള ഭാഷയുടെയും മലയാളികളുടെയും നേരെ ഇത്ര നിര്‍ദ്ദയമായ കടന്നാക്രമണം നടത്തിക്കാന്‍, ഉന്നത വിദ്യാഭ്യാസം നേടിയമിടുക്കന്മാരായ നടത്തിപ്പുകാര്‍ക്ക് ഒരു അറപ്പുമില്ലല്ലോ ഏന്നു അത്ഭുതപ്പെട്ടു പോവുകയാണ്.- അതും ആധുനിക ശാസ്ത്ര സംസ്കാരത്തിന്‍റെയും ജനസേവനത്തിന്‍റെയും മറ പിടിച്ചു കൊണ്ട്!

സാധാരണക്കാരായ മലയാളികളുടെ ഭാഷാഭിമാനവും ഭാഷാശുദ്ധിതാത്പര്യവും എത്രയേറെ പ്രശംസാര്‍ഹമാണെന്ന് ഇവരാരുമറിയുന്നില്ല. മാതൃഭാഷാനിന്ദനത്തെ ഏറെ വെറുപ്പോടെയാണ് ഇവർ വീക്ഷിക്കുന്നത്. ഇവിടെ അല്പം സ്വാനുഭവം പറഞ്ഞു കൊള്ളട്ടെ. ‘കരിയര്‍ മാഗസിനി’ല്‍ വായനക്കാരുടെ ഭാഷാപരമായ സംശയങ്ങള്‍ക്കു മറുപടി പറയുന്ന ഏക പംക്തി 1986 സെപ്റ്റംബറിലാണ് ആരംഭിച്ചത്. മലയാള ഭാഷയില്‍ കുറെ അവഗാഹം നേടിയവരെയും മലയാളം ഐച്ഛിക വിഷയമാക്കിയ ബിരുദാനന്തരബിരുദ വിദ്ധ്യാര്‍ത്ഥികളെയും ഉദ്ദേശിച്ചുള്ളതാണ് ആ പംക്തിയെന്നു സാധാരണക്കാര്‍ പൊതുവേ ധരിച്ചു. അവരുടെ ധാരണ ഉറക്കാന്‍ പാകത്തിൽ നിലവാരം കൂടിയ ചോദ്യങ്ങളാണ് ആദ്യമാസങ്ങളില്‍ കൂടുതലായി കിട്ടിയിരുന്നതും. എന്നാല്‍ അവ ഏറെ പ്രസിദ്ധപ്പെടുത്താതെ, സാധാരണക്കാരുടേതെന്നു നിസ്സംശയം തോന്നുന്ന ചോദ്യങ്ങൾ കൂടുതലായി പ്രസിദ്ധപ്പെടുത്തുകയും, പംക്തിയുടെ ലക്‌ഷ്യം നേരിട്ട് തന്നെ വിവരിക്കുകയും ചെയ്തതോടെ, സാമാന്യ മലയാളിയുടെ പംക്തി എന്ന അംഗീകാരം ഉറപ്പിച്ചെടുക്കാൻ കഴിഞ്ഞു. നൂറോളം ചോദ്യങ്ങള്‍ മാസം പ്രതി കിട്ടിയിരുന്നു. പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞവ ശരാശരി ഇരുപത്തഞ്ചു മാത്രം. സാഹിത്യ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമൊക്കെ ചോദ്യകർത്താക്കളുടെ കൂട്ടത്തിലുണ്ടായിരുന്നു എങ്കിലും സാമാന്യരായിരുന്നു ബഹുഭൂരിപക്ഷം. മാസം തോറുമുള്ള സമ്മാനം നേടിയവരിൽ അധികവും സാധാരണക്കാരായിരുന്നു. അനുഭവം വച്ചുകൊണ്ട്പറയട്ടെ, സംശയം തീര്‍ക്കാനുള്ള ശ്രമത്തെക്കാള്‍ ഈ ഗ്രന്ഥകാരനെ ആകര്‍ഷിച്ചത് ഉത്തരവാദിത്വം പുലര്‍ത്തേണ്ടവരായ മാദ്ധ്യമ ഭാരവാഹികളും അദ്ധ്യാപകരും മറ്റും പ്രകടിപ്പിക്കുന്ന ഉദാസീനതയോടുള്ള കഠിനമായ പ്രതിഷേധമാണ്.

ഈ പ്രസ്ത്താവത്തിനു തെളിവ് നല്‍കുന്ന എത്രയോ കാര്യങ്ങളുണ്ട്! മലയാള ഭാഷയെ മാത്രമല്ല, മാതൃഭാഷയെ പെറ്റമ്മയായിക്കരുതുന്ന സാധാരണക്കാരായ മലയാളി ലക്ഷങ്ങളെയും സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ദ്രോഹിച്ചുകൊണ്ടിരിക്കുന്ന മാദ്ധ്യമക്കാർ മാപ്പര്‍ഹിക്കാത്ത കൊടും പാപമാണ് ചെയ്യുന്നത്. അറിയാതെ തെറ്റ് ചെയ്യുന്നവര്‍ക്കല്ലേ മാപ്പുള്ളൂ ? അറിഞ്ഞു കൊണ്ട് ആയാലോ?

ചുരുക്കിപ്പറയട്ടെ, മലയാള ഭാഷയുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഈ അവസ്ഥ മാറ്റിയെടുക്കാന്‍ ഓരോ മലയാളിയും ബോധപൂര്‍വ്വം ശ്രമിക്കേണ്ടിയിരിക്കുന്നു. മാതൃഭാഷാഭിമാനവും അതില്‍ നിന്നുളവാകുന്ന ഭാഷാശുദ്ധി നിഷ്ഠയും ചേര്‍ന്നാലേ ആ ശ്രമം വിജയിക്കുകയുള്ളൂ. ഭാഷാശുദ്ധിനിഷ്ഠ ഒരു ഒറ്റപ്പെട്ട മനോഭാവമല്ല, ആകെകൂടിയുള്ള സാംസ്ക്കാരിക വിശുദ്ധിയുടെ ഭാഗമാണത്. മലയാളിയുടെ മൊത്തത്തിലുള്ള സംസ്കാരനിലവാരം എത്ര വേഗത്തിലാണ് മാറിക്കൊണ്ടിരിക്കുന്നത്, അഥവാ താണുകൊണ്ടിരിക്കുന്നത്!

ദിനചര്യ, ആഹാരരീതി, ആഘോഷങ്ങൾ കലാസ്വാദനം തുടങ്ങിയവയിലെല്ലാം മലയാളത്തനിമയില്‍ നിന്നും നാം അകന്നുകൊണ്ടേ ഇരിക്കുന്നു. സന്താപത്തിലും സന്തോഷത്തിലും മദ്യപിക്കുന്ന വിഡ്ഢിക്കഥാപത്രങ്ങളെയും, ഒരറപ്പും കൂടാതെ കുത്തും കൊലയും നടത്തുന്നഭീകര നായകന്മാരെയും തിരശീലയിൽ കാട്ടി കൈയ്യടിപ്പിക്കുന്നവരാണല്ലോ നമ്മുടെ ചലച്ചിത്രകലാസ്രഷ്ടാക്കൾ! പത്തോ പതിനഞ്ചോ കൊല്ലം മുന്‍പ് തികച്ചും ‘അസഭ്യ’ മായിരുന്ന എത്രയെത്ര വാക്കുകളാണ് ഇവര്‍ നമ്മെ കേള്‍പ്പിച്ചു കൊണ്ടിരിക്കുന്നത്! നമ്മുടെ കുട്ടികള്‍ കോപം വരുമ്പോൾ, ഇഷ്ടതാരങ്ങള്‍ പറഞ്ഞ അതേ ചീത്ത വാക്കുകള്‍ ആവര്‍ത്തിക്കുന്നു.! ഇങ്ങനെ എന്തെല്ലാം പറയാനുണ്ട്! ഭാഷാശുദ്ധിയുടെ സംരക്ഷണത്തില്‍ മാദ്ധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്‌. അവ കാലത്തിനൊത്ത കോലങ്ങളാവാതെ ഉത്തരവാദിത്വബോധത്തോടെ കർത്ത വ്യനിര്‍വഹണത്തിലേര്‍പ്പെടുകയാണെങ്കിൽ വിയജം നിസ്സംശയമായിരിക്കും.

Pin It on Pinterest