മാതൃഭാഷയുടെ കാവൽഭടൻ

മാതൃഭാഷയുടെ കാവൽഭടൻ

പന്മന രാമചന്ദ്രൻനായർ ശതാഭിഷേക വേളയില്‍, ശിഷ്യനും കേരളസർവകലാശാല മലയാള വിഭാഗം റീഡറുമായ ഡോ. ബി.വി. ശശികുമാർ കേരളകൗമുദിയില്‍ എഴുതിയ ലേഖനം (ഓഗസ്റ്റ്‌ 29, 2014).

ജീവിതം മലയാളഭാഷയ്ക്ക് സമർപ്പിച്ച പന്മന രാമചന്ദ്രൻനായർ ശതാഭിഷേക നിറവിൽ

ശതാഭിഷേകത്തിന്റെ നിറവിലും പന്മനസാറിന്റെ ജീവിതം മധുരം, സൗമ്യം, ദീപ്തം കല്ലോലമില്ലാതെഴുമാഴിപോലെ, കാറ്റിൽപ്പെടാത്ത ദീപം പോലെ, കാർകൊണ്ടു മിണ്ടാത്തൊരു കൊണ്ടൽ പോലെ ഘനഗംഭീരം. ‘ക്ഷീണിക്കാത്ത മനീഷയും മഷിയുണങ്ങീടാത്ത പൊൻപേനയും” എന്ന പ്രയോഗം ഒരു ‘ക്ളിഷേ”യല്ലെന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുന്നു.മാദ്ധ്യമശ്രദ്ധയ്ക്കും പ്രകടനപരതയ്ക്കുമപ്പുറം ഗാന്ധിനഗറിലെ ‘കൈരളി”യിലിരുന്ന് നടത്തുന്ന ‘ഭാഷാധ്യാന”ത്തിൽനിന്ന് ഇടയ്ക്കിടെ സത്ഫലങ്ങൾ,സൗഹൃദങ്ങൾ, അത് കൃത്യമായും വിളക്കിനിറുത്തുന്നതിലുള്ള ഓർമ്മക്കരുത്ത്. ഇവിടെ ഇങ്ങനെ ഒരാൾ മലയാളത്തിനുവേണ്ടി സദാ ഉണർന്നിരിക്കുന്നു- നൂറിൽ അൻപത് കണ്ണ് ഉറങ്ങുമ്പോൾ അൻപത് കണ്ണ് തുറന്നിരിക്കുന്ന ആർഗണെപ്പോലെ.

പത്രങ്ങളും മാസികകളുമൊക്കെ ചില ആപ്തവാക്യങ്ങൾ/സൂക്തങ്ങൾ മുഖവാക്യങ്ങളായി സ്വീകരിച്ച് കാണാറുണ്ട്. കേരളത്തിലെ ഒരു കലാലയത്തിലെ കുട്ടികൾ കൈയെഴുത്ത് മാസിക തുടങ്ങിയപ്പോൾ സ്വീകരിച്ച മുഖവാക്യം ഇതായിരുന്നു-തെറ്റ് പന്മനയ്ക്കും പറ്റാം”. അവർ മുൻകൂർ ജാമ്യമെടുക്കാനാണ് ആ പേര് ഉപയോഗപ്പെടുത്തിയത്. വർഷങ്ങൾക്കുമുമ്പുതന്നെ ആ ത്രയാക്ഷരി ഭാഷാശുദ്ധിയുടെ പ്രതീകമായി, ആൾരൂപമായി മാറിക്കഴിഞ്ഞിരുന്നു. വൈയാകരണന്റെ പേനയല്ല, നിരക്ഷരന്റെ നാവാണ് ഭാഷയെ നിയന്ത്രിക്കുന്നത്-വളർത്തുന്നതും തളർത്തുന്നതും എന്ന തിരിച്ചറിവ് ആ ഭാഷായുദ്ധി ബോധത്തിന്റെ അടിയിലുണ്ടായിരുന്നു. എന്നാൽ, എന്തുകൊണ്ട് ശരി/തെറ്റ് എന്ന് വ്യാകരണനിയമങ്ങളുടെ സഹായത്തോടെ സമർത്ഥിക്കാനും ശ്രമിച്ചു. അപ്പോൾ അദ്ദേഹം ലക്ഷ്യമിട്ടത് അഭ്യസ്തവിദ്യരെയും മാദ്ധ്യമങ്ങളെയുമായിരുന്നു. ‘ഹാർദ്ദവമായി” സ്വാഗതം ചെയ്യുന്നവരും ‘വൈരുദ്ധ്യ”ത്തെ ‘വിരോധാഭാസ”മാക്കുന്നവരുമായ രാഷ്ട്രീയക്കാരും അതിന് ചെവിയോർത്തു. കാരികകൾ ഉദ്ധരിച്ച് വിരസമാക്കുന്നതല്ല വായനക്കാരനിൽ ചിരി വിരിയിക്കുന്നതാണ്, പന്മന സാറിന്റെ എഴുത്ത്. വ്യാകരണം, തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധമലയാളം, മലയാളവും മലയാളികളും, തെറ്റില്ലാത്ത ഉച്ചാരണം എന്നീ പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ ഈ നയം വ്യക്തമാകുന്നു. കാലൊടിഞ്ഞ മദാമ്മയുടെ കസേര, കുട്ടിക്ക് കാലിലിടാൻ രണ്ട് ചെരിപ്പ് വാങ്ങണം, പരിവാരങ്ങളോടൊപ്പം ഗർഭിണിയായ ശകുന്തളയെ കണ്വൻ ദുഷന്തന്റെ കൊട്ടാരത്തിലേക്കയച്ചു-തുടങ്ങിയ ഉദാഹരണങ്ങൾ മലയാളിയുടെ ചുണ്ടിൽ ഭാഷാശുദ്ധി ബോധത്തിന്റെ ചിരി കൊളുത്തി.

പ്രബന്ധസമാഹാരമായ ‘പരിചയ”ത്തിൽ പന്മന സാർ ഒരു നിരൂപകനായി പ്രത്യക്ഷപ്പെടുന്നു. നിരവധി വർഷത്തെ അദ്ധ്യാപന പരിചയം ഉള്ളിൽ രൂപപ്പെടുത്തിയെടുത്ത ഈ നിരൂപകന്റെ അടിത്തറ സഹൃദയത്വമാണ്. ‘നവയുഗശില്പി രാജരാജവർമ്മ”യിൽ നിരൂപകനും ജീവചരിത്രകാരനും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നു. കഥാപുരുഷന്റെ ജീവിതത്തിലെ പ്രധാനസംഭവങ്ങൾ കാലക്രമത്തിൽ അടുക്കിയെഴുതി ‘നിജജന്മകൃത്യം” നിറവേറ്റിയെന്ന ചാരിതാർത്ഥ്യത്തോടെ പിൻവാങ്ങുകയാണ് പല ജീവചരിത്രകാരന്മാരും ചെയ്യുന്നത്. അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കൂടി വിലയിരുത്തി, കൃതിക്ക് ഒരു പരഭാഗശോഭ പകരാൻ അവർ തയ്യാറല്ല. എ.ആർ. തിരുമേനിയുടെ എഴുത്തിനെ നന്നായി അറിഞ്ഞിട്ടുള്ള പന്മനസാർ ‘നവയുഗശില്പി” എന്ന് ശീർഷകത്തിൽ ചേർത്തതോടെ തന്നെ ഇതിന് അപവാദമാകുന്നു. ‘മലയ വിലാസ”ത്തിന്റെ വ്യാഖ്യാനം ഇതിന് അടിവരയിടുന്നു. വാക്കർത്ഥം എഴുതിപ്പോകുന്ന ‘ടിപ്പണി”യല്ല സാറിന്റെ മലയവിലാസം വ്യാഖാനം, എന്തുകൊണ്ട് എ.ആർ. നവയുഗശില്പിയായി എന്ന് സ്ഥാപിക്കുന്നതാണ്.

ഊഞ്ഞാൽ, മഴവില്ല്, പൂന്തേൻ അപ്പൂപ്പനും കുട്ടികളും എന്നീ ബാലസാഹിത്യ കൃതികളിൽ മറ്റൊരു പന്മനസാറിനെ കാണാം. കുട്ടികളുടെ മനസ് നന്നായി വായിച്ചിട്ടുള്ള ഒരാളിനെ. ഒരു പരകായപ്രവേശം പോലെ അവരുടെ ഉള്ളിൽ കടന്നിരുന്നാലേ ഒരു നല്ല ബാലസാഹിത്യകൃതി രചിക്കാൻ കഴിയൂ. നമ്മുടെ ലബ്ധ പ്രതിഷ്ഠരായ കവികളെല്ലാം വിജയിച്ച ഈ മേഖലയിൽ ‘മാതൃഭാഷയുടെ കാവൽഭടൻ” വിജയക്കൊടി നാട്ടുക തന്നെ ചെയ്തു. പന്മന രാമചന്ദ്രൻ നായർ എന്ന വിവർത്തകന്റെ സംഭാവനകളാണ് ആശ്ചര്യചൂഡാമണി നാടകം ഗദ്യം, സ്വപ്നവാസവദത്തം നാടകം ഗദ്യം, നാരായണീയം ഗദ്യം എന്നിവ. ഉഭയഭാഷാപാണ്ഡിത്യം മാത്രമല്ല, അതിസൂക്ഷ്മതയും ആവശ്യപ്പെടുന്ന ഒരു പ്രവൃത്തിയാണ് പരിഭാഷ. സ്രോതഭാഷയും ലക്ഷ്യഭാഷയും പങ്കെടുക്കുന്ന ഒരു `textual replacement” ആണത്. പാഠതുല്യതയിൽ ഏറ്റക്കുറച്ചിലുണ്ടായാൽ മൊഴിമാറ്റം പാളും. പന്മനസാറിന്റെ മലയാള പാണ്ഡിത്യത്തെ അലങ്കരിച്ചുനിൽക്കുന്ന സംസ്കൃത പാണ്ഡിത്യം ഈ പരിഭാഷകളെ മൂലാതിശായിയാക്കുന്നു.

നളചരിതത്തിന്റെ അഞ്ച് വ്യാഖ്യാനങ്ങൾക്കുശേഷമാണ് പന്മന സാറിന്റെ വ്യാഖ്യാനം (2001) പുറത്തുവരുന്നത്. കാന്താരതാരകം, സഹൃദയരഞ്ജിനി, രസിക കൗതുകം, ദീപിക, ഇളങ്കുളത്തിന്റെ പേരില്ലാ വ്യാഖ്യാനം എന്നിവയിൽ നിന്ന് വളരെ മുന്നോട്ടുപോകാൻ ‘കൈരളീവ്യാഖ്യാന”ത്തിന് കഴിഞ്ഞു. പാണ്ഡിത്യപ്രകടനം ഒരു കസർത്ത് ആയിപ്പോയാൽ വ്യാഖ്യാനം കൃതിയെ വായനക്കാരനിൽ നിന്ന് അകറ്റും. അതല്ല വേണ്ടത്. ആസ്വാദനം സുഗമമാക്കി വായനക്കാരനെ അർത്ഥാന്തരങ്ങളിലേക്ക് നയിക്കണം. ആട്ടക്കഥയെ സംബന്ധിച്ചാകുമ്പോൾ അത് അഭിനേതാവിന്റെ മുന്നിലും പുതിയ സാദ്ധ്യതകൾ തുറന്നിടും. . ശ്രീഹർഷനെ ഉദ്ധരിക്കുമ്പോഴെല്ലാം അതിന് ഏറ്റവും ലളിതമായി ഒരു പരിഭാഷകൂടി നൽകുന്നു. വ്യാഖ്യാനം കാവ്യപരിചയത്തെ വിപുലപ്പെടുത്തുക എന്ന അപരധർമ്മംകൂടി ഇവിടെ നിർവഹിക്കുന്നു. ‘നളദമയന്തികഥയുടെ കാന്തിനദിയിൽ മുങ്ങാവതോളം മുങ്ങിയശേഷം എഴുതപ്പെട്ട ഉത്തമാസ്വാദനം” എന്ന നിരീക്ഷണം വിവിധകാലഘട്ടങ്ങൾ, സാഹിത്യരൂപങ്ങൾ, എഴുത്തുകാർ-ഇതിന്റെ സംയോജനം/ക്രോഡീകരണം ഒക്കെ നിർവഹിക്കുമ്പോൾ മർമ്മസ്പർശിയായ ആമുഖം വേണം. ചെറിയ അരുവികൾ കടന്ന് ഒടുവിൽ നാം വലിയ സമുദ്രത്തിലെത്തുന്നു. ‘സമ്പൂർണ മലയാള സാഹിത്യ ചരിത്ര”വും ‘മലയാള നിരൂപണ”വും ‘കേരള സംസ്കാരപഠനങ്ങളും,” ഓരോ ഭാഗവും എഴുതാൻ ശേഷിയുള്ള, യോജിച്ച ആൾക്കാരെ കണ്ടെത്തുന്നതിൽ പന്മന സാർ കാണിച്ച മിടുക്ക് ഒരു എഡിറ്ററുടേതാണ്.

ഭാഷ-സാഹിത്യ വിദ്യാർത്ഥികളെ സംബന്ധിച്ച് മലയാളം ലക്ചറർ തസ്തിക ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികളെ സംബന്ധിച്ചും- ഈ പുസ്തകങ്ങൾ അവസാനവാക്കായിരിക്കുന്നു.

പന്മനസാറിന്റെ ക്ളാസുകൾ ചോദ്യോത്തര രൂപത്തിൽ സജീവങ്ങളായിരുന്നു. ‘മല്ലാക്ഷി ഭൈമിയെയുമൊല്ലാ കൊണ്ടങ്ങുപോകിൽ” എന്ന് ഉറപ്പിച്ച പുഷ്കരൻ ഒടുവിൽ ദമയന്തിയെ നളന് തന്നെ വിട്ടുകൊടുത്തതെന്തുകൊണ്ട്? ആ ചോദ്യം ക്ളാസിൽ വീണുമുഴങ്ങിനിന്നു. ആർക്കുമില്ല ഉത്തരം. ”ദമയന്തിയെയും കൈവശപ്പെടുത്തിയാൽ ഒടുവിൽ നളന് പുഷ്കരനെ വധിക്കേണ്ടിവരും. അത് സംഭവിക്കരുത്. മാപ്പ് കൊടുത്ത് വിട്ടയയ്ക്കുകയാണ് വേണ്ടത്. അതാണ് കാവ്യനീതി (Poetic justice) ”സാർ പറഞ്ഞുനിറുത്തുമ്പോൾ കുട്ടികളുടെ മനസിൽ പുതിയ പ്രകാശം. വ്യാകരണ വൃത്താലങ്കാരങ്ങൾ പൊതുവെ വിരസമായാണ് കുട്ടികൾക്ക് അനുഭവപ്പെടുക. എന്നാൽ പന്മന സാറിന്റെ സമീപനം വ്യത്യസ്തമായിരുന്നു. കവിതയുടെ വൃത്തബദ്ധമായ ചൊൽവടിവുകൾ ക്ളാസിൽ നിറഞ്ഞൊഴുകി.

സംസ്കൃതം ശാസ്ത്രി, ബി.എസ്‌സി ഫിസിക്സ്, മലയാളം എം.എ എന്നിങ്ങനെ ത്രിമാന സ്വഭാവമുള്ള പാണ്ഡിത്യം. ലെക്സിക്കണിലും ഗവ. കോളേജുകളിലും ഔദ്യോഗിക ജീവിതം. ഗ്രന്ഥശാലാസംഘം, സാഹിത്യ അക്കാഡമി, കലാമണ്ഡലം, സാഹിത്യപ്രവർത്തക, സഹകരണസംഘം, സർവകലാശാല സെനറ്റ് എന്നിവയിൽ സേവനം. ഇങ്ങനെയെല്ലാം അനുഭവസമ്പത്തുള്ള ഒരാളുടെ ആത്മകഥ വിവരദായക മായിരിക്കും. അതാണ് ‘സ്മൃതിരേഖകൾ.” 1931 ആഗസ്റ്റ് 13ന് ആയില്യം നാളിലെ ജനനം മുതൽ നാരായണീയ പരിഭാഷവരെയുള്ള സംഭവങ്ങൾ സത്യസന്ധമായി ഈ കൃതിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഓർമ്മകളാണ് ഈ കൃതി രചിക്കാൻ ഉപയോഗിച്ച മഷിപ്പാത്രം.

ശതാഭിഷേകത്തിന്റെ നിറവിലും പന്മന സാർ കർമ്മനിരതനാണ്. ആത്മകഥ പുറത്തുവന്നിട്ട് നാലു വർഷമാകുന്നു. അതിന് ഒരു രണ്ടാംഭാഗം എഴുതാൻ പാകത്തിലാണ് സാറിന്റെ ജീവിതയാത്ര. ആ ജീവിതമെന്ന ‘കാനന”ത്തെ ഈ ‘ഹിമകണ”ത്തിൽ പ്രതിബിംബിപ്പിക്കുക എളുപ്പമല്ല:

ഞാനഹങ്കാരത്തോടെ കൈയിലേന്തിയതാണി-
പ്പേന വയ്ക്കട്ടെ താഴെ കുനിഞ്ഞും വിറപൂണ്ടും.

ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ പ്രതിനിധിയെന്ന നിലയിൽ പന്മനസാറിന് ആരോഗ്യപൂർണമായ ദീർഘായുസ് നേരുന്നു.

Pin It on Pinterest