ജയന്‍ മഠത്തില്‍ എഴുതി ജനയുഗത്തില്‍ 2014 നവംബര്‍ 9നു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ കോപ്പി.
മലയാള ഭാഷയുടെ കാവലാളാണ് പ്രൊഫ. പൻമന രാമചന്ദ്രൻ നായർ. വലിയ ആരവങ്ങളില്ലാതെയാണ് എൺപത്തിമൂന്നിന്റെ പടി പന്മന കടന്നത്. ശുദ്ധമലയാളത്തിന്റെ ഒരു കരുതൽ അദ്ദേഹത്തിന്റെ ചിന്തയിലും എഴുത്തിലും എന്നുമുണ്ട്
മലയാള ഭാഷയുടെ കാവലാളാണ് പ്രൊഫ. പൻമന രാമചന്ദ്രൻ നായർ. ഭാഷയെ തെറ്റിൽ നിന്ന് ശരിയിലേക്ക് കൈപിടിച്ചുകൊണ്ട് പോകുന്ന ശരിയുടെ തമ്പുരാൻ. വലിയ ആരവങ്ങളില്ലാതെയാണ് എൺപത്തിമൂന്നിന്റെ പടി പന്മന സാർ കടന്നത്. ബഹളങ്ങളിലും വിവാദങ്ങളിലും അദ്ദേഹത്തിന് വിശ്വാസമില്ല. ശുദ്ധമലയാളത്തിന്റെ ഒരു കരുതൽ അദ്ദേഹത്തിന്റെ ചിന്തയിലും എഴുത്തിലും എന്നുമുണ്ട്. സൂര്യൻ ചാഞ്ഞുപെയ്‌ത ഒരു പ്രഭാതത്തിലാണ് സുഹൃത്ത് സാബു കോട്ടുക്കലുമൊത്ത് തിരുവനന്തപുരം ഗാന്ധി നഗറിലെ പന്മന രാമചന്ദ്രൻനായരുടെ കൈരളിയിലെത്തിയത്. മൂന്നു മണിക്കൂർ ഭാഷയുടെയും സാഹിത്യത്തിന്റെയും മധുരിമ ആവോളം നുണഞ്ഞു. ഭാഷയും സാഹിത്യവും സംഗീതവും പന്മന സാറിന്റെ വാക്കുകളിൽ പെയ്‌തിറങ്ങി. ഗതകാല സ്‌മരണകളെ അഭിജാത ഗൗരവത്തോടെ അദ്ദേഹം ജപിച്ചു വരുത്തി. ആ സാന്ദ്രസംഗീതത്തിൽ ഞങ്ങൾ അപ്പൂപ്പൻ താടിപോലെ പറന്ന് പറന്ന്…
കവിയായ പന്മന കവിതയെഴുത്ത് നിറുത്തി
കുട്ടിക്കാലം മുതലേ പന്മന സാറിന്റെയുള്ളിൽ കവിതയും സംഗീതവുമുണ്ട്. അച്ഛൻ എൻ കുഞ്ചുനായർ ഭാഗവതരായിരുന്നു, ചട്ടമ്പി സ്വാമികളുടെ അടുത്തിരുന്ന് പാടിയ ആളാണ്. അമ്മ എൻ ലക്ഷ്‌മിക്കുട്ടിയമ്മയും സംഗീതം പഠിച്ചിട്ടുണ്ട്. ഈ പാരമ്പര്യോർജ്ജം പന്മനയുടെ സിരകളിലും ഉണ്ടായിരുന്നു. ഇന്റർ മീഡിയറ്റിനു പഠിക്കുന്ന സമയത്താണ് കവിതയെഴുത്ത് തുടങ്ങിയത്. `പ്രേമയാചകനാണ്` ആദ്യ കവിത. ചങ്ങമ്പുഴ എഴുത്തുകാരുടെയും വായനക്കാരുടെയും മനസിൽ തേരോട്ടം നടത്തുന്ന കാലം. കൗമുദിവാരിക, കലാനിധി മാസിക, ജനയുഗം, മലയാളരാജ്യം എന്നിവയിലൊക്കെ കവിത പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസം പൂർത്തീകരിച്ചശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിൽ മലയാളം അധ്യാപകനായി. തുടർന്ന് പാലക്കാട് ഗവ. വിക്‌ടോറിയ കോളജിൽ. എസ് ഗുപ്‌തൻ നായരായിരുന്നു വകുപ്പ് അധ്യക്ഷൻ. രാമചന്ദ്രൻനായരുടെ അധ്യാപകൻകൂടിയാണദ്ദേഹം. ഗുപ്‌തൻനായർ സാറിനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഗുപ്‌തൻനായർ സാർ ചോദിച്ചു, “പന്മന രാമചന്ദ്രൻ നായരുടെ കവിതാസമാഹാരമൊന്നും ഇറങ്ങാറായില്ലേ? ഇനി നാട്ടിൽ പോയി വരുമ്പോൾ കുറേ കവിതകൾ അടുക്കിക്കൊണ്ടുവരണം, ഞാനൊന്നു നോക്കട്ടെ”. ഇനി പന്മന സാറിന്റെ വാക്കുകളിൽ; “തിരികെ പോരുമ്പോൾ ഒരു പുസ്‌തകം ആക്കാൻ വേണ്ടിയുള്ളവ ശരിപ്പെടുത്തി കൊണ്ടുപോയി. ട്രയിനിലിരുന്ന് ആലോചിച്ചു, ശരിയല്ലല്ലോ, മോശമാണ്. കൈയിൽ നിന്ന് പോയാൽ തീർന്നില്ലേ. വള്ളത്തോളിന്റെയും ജിയുടെയുമൊക്കെ കവിത പഠിപ്പിയ്‌ക്കുമ്പോൾ അതിലുള്ളതെറ്റുകളും കുറ്റങ്ങളുമൊക്കെ കുട്ടികൾ കേട്ടിരിക്കുകയല്ലേ. അങ്ങനെ പറയുന്ന മാഷ്‌ടെ കവിതയല്ലേയെന്ന് പുച്ഛിയ്‌ക്കില്ലേ എന്ന ചിന്ത വലുതായി വന്നപ്പോൾ കവിതാ സമാഹാരം പ്രസിദ്ധീകരിയ്‌ക്കില്ല എന്ന് തീരുമാനിച്ചു“. എഴുതുന്ന കവിത മറ്റുള്ളവരുടെ കവിതയിൽനിന്ന് വ്യത്യസ്‌തമല്ലെങ്കിൽ എഴുതിയിട്ടു കാര്യമില്ല. അതോടെ പന്മന കവിതയെഴുത്ത്‌നിറുത്തി.
സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഗ്രന്ഥശാലാ പ്രവർത്തനം
പന്മനയുടെ ഉള്ളിലെ സാമൂഹ്യപ്രവർത്തകനെയും എഴുത്തുകാരനെയും ഊതികാച്ചിയെടുത്തത് ഗ്രന്ഥശാലാപ്രവർത്തനമാണ്. തന്റെ ആദ്യത്തെ സാമൂഹ്യസേവനം ഗ്രന്ഥശാലാപ്രവർത്തനമാണെന്ന് പന്മനയുടെ സത്യവാങ്‌മൂലം. 1952- ൽ തിരുവനന്തപുരം ഗവ. ആർട്‌സ് കോളജിലെ ഇന്റർമീഡിയറ്റ് പഠനശേഷം വീട്ടിൽ നിൽക്കുന്ന കാലം. വിദ്യാർഥികളും അധ്യാപകരും യുവാക്കളുമടങ്ങിയ സംഘം പന്മനയിലെ പനയന്നാർകാവ് ഭഗവതീക്ഷേത്രമൈതാനത്ത് വൈകുന്നേരങ്ങളിൽ സമ്മേളിച്ചു. ശാസ്‌ത്രീയസംഗീതം പഠിച്ച പരമുപിള്ള ലളിതഗാനവും ശാസ്‌ത്രീയ ഗാനവും പാടും. സാഹിത്യ ചർച്ചകളും നടത്തിയിരുന്നു. രാഷ്‌ട്രീയ ചർച്ചകൾ ഒഴിവാക്കി. ഈ സായാഹ്ന കൂട്ടായ്‌മയിലാണ് ഒരു ഗ്രന്ഥശാല സ്ഥാപിക്കണമെന്ന ചിന്ത രൂപപ്പെട്ടത്. വീടുകളിൽ നിന്ന് പുസ്‌തകവും പണവും തേങ്ങയും ശേഖരിച്ച് ഗ്രന്ഥശാലയ്‌ക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തി. അങ്ങനെ ദേവസ്വം ദാനം ചെയ്‌ത ഗ്രാമോദ്ധാരണവകുപ്പിന്റെ കെട്ടിടത്തിൽ പഞ്ചായത്തിലെ ആദ്യ വായനശാല പിറന്നു. 1952 ജൂണിൽ കുമ്പളത്തു ശങ്കുപ്പിള്ള വായനശാല ഉദ്‌ഘാടനം ചെയ്‌തു. പ്രവർത്തനമികവിൽ അദ്ദേഹം കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറിയുടെ പ്രസിഡന്റായി. തുടർന്ന് സംസ്ഥാനസമിതിയംഗം.
ദേവിനെക്കൊണ്ട് `വായനശാല വാസുപിള്ള` എഴുതിച്ചു
1958 ൽ കേരളഗ്രന്ഥശാലാസംഘം ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പന്മന ഗ്രന്ഥാലോകം മാസികയുടെ സഹപത്രാധിപരായി. എസ് ഗുപ്‌തൻനായർ ആയിരുന്നു പത്രാധിപർ. പനമ്പള്ളി ഗോവിന്ദമേനോൻ പ്രസിഡന്റും പിഎൻ പണിക്കർ സെക്രട്ടറിയുമായിരുന്ന സംഘത്തിന്റെ സുവർണ്ണകാലം. 1959 ൽ ഗ്രന്ഥാലോകം വിശേഷാൽപതിപ്പ് പ്രസിദ്ധീകരിക്കാൻ ഭരണസമിതി തീരുമാനിച്ചു. സൃഷ്‌ടികൾ ക്ഷണിച്ചുകൊണ്ടുള്ള പത്രാധിപരുടെ കത്ത് എല്ലാ എഴുത്തുകാർക്കും പോയി. തിരുവനന്തപുരത്തെ സാഹിത്യകാരന്മാരെ നേരിട്ടു കണ്ട് സൃഷ്‌ടികൾ വാങ്ങുന്ന ജോലി പന്മനയ്ക്കായിരുന്നു. അങ്ങനെയാണ് കേശവദേവിനെ കാണാൻ പോയത്. എഴുതിയാൽ നിന്റെ പണിക്കഋ പൈസ വല്ലതും തരുമോയെന്ന് ദേവ്. `പൈസ മാത്രമാണോ ഗ്രന്ഥശാലയ്‌ക്കുവേണ്ടിയല്ലേ` എന്ന് പന്മനയുടെ മറുപടി. വിശേഷാൽ പതിപ്പിൽ എന്തെങ്കിലും എഴുതിയാൽപോരാ നല്ല കഥ വേണമെന്ന് അദ്ദേഹം ദേവിനെ നിർബന്ധിപ്പിച്ചു. “പിന്നെന്ത്വാടാ വായനശാലയെപ്പറ്റി കഥയെഴുതാൻ പറ്റ്വോ” എന്ന ദേവിന്റെ ചോദ്യം. അങ്ങനെയാണ് `വായനശാല വാസുപിള്ള` എന്ന കഥ കേശദേവ് എഴുതുന്നത്. എഴുത്തുകാർക്ക് പ്രതിഫലം കൊടുക്കുന്നതിൽ പിശുക്ക് കാട്ടുന്ന പിഎൻ പണിക്കരിൽ നിന്ന് 75 രൂപ ദേവിന് വാങ്ങികൊടുത്തു. അതിൽ നിന്ന് 50 രൂപ എഴുതിയെടുത്ത് ബാക്കി 25 രൂപ തിരികെ നൽകി ഒരു ചെറു ചിരിയോടെ കരുണകാട്ടിയ ദേവിന്റെ മുഖം പന്മനയുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.
തെറ്റും ശരിയും
വ്യാകരണം, നിരൂപണം, വ്യാഖ്യാനം, പരിഭാഷ, ആത്മകഥ എന്നീ വിഭാഗങ്ങളിലായി 19 ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും ഭാഷാശുദ്ധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും പേരിലാണ് പന്മനയെ മലയാളി നെഞ്ചേറ്റിയത്. അറുപത്തിനാലുകളിലാണ് ഇത്തരം ലേഖനങ്ങൾ അദ്ദേഹം എഴുതുന്നത്. പ്രീഡിഗ്രി പരീക്ഷാപേപ്പർ മൂല്യനിർണയം ചെയ്യുന്ന വേളയിൽ ഒരു കുട്ടി ഉത്തരം എഴുതിയത് ഇങ്ങനെ; `കൃഷ്‌ണനെ കാണാഞ്ഞ് യശോദ പൊട്ടിക്കരഞ്ഞു. കാരണം ദു:ഖമായിരുന്നു`. മറ്റൊരു കുട്ടി എഴുതിയത്; കാളിയൻ കൃഷ്‌ണനെ കടിച്ചു. എന്നിട്ടും പോരാഞ്ഞ് പലതവണ ദംശിക്കുകയും ചെയ്‌തു. ഇങ്ങനെയുള്ള തെറ്റുകൾ അടുത്തു വച്ചിട്ടുള്ള കടലാസിൽ കുറിച്ചു. പത്രങ്ങളിലേയും സിനിമാ പരസ്യങ്ങളിലേയും തെറ്റുകൾ ശേഖരിച്ചു. അത് ലേഖനങ്ങളായി എഴുതി. അങ്ങനെയാണ് പന്മന സാറിന്റെ ഭാഷാശുദ്ധി സംബന്ധമായ പുസ്‌തകങ്ങൾ രൂപപ്പെട്ടത്. തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധ മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി – സംശയപരിഹാരങ്ങൾ എന്നീ അഞ്ചു ഗ്രന്ഥങ്ങളാണ് ഭാഷാശുദ്ധിയെ സംബന്ധിച്ച് അദ്ദേഹം എഴുതിയത്.
സാങ്കേതികത്വം ഒഴിവാക്കി ലളിതമായ ഭാഷയിൽ പറയുക, ഉദാഹരണങ്ങൾ അവതരിപ്പിച്ച് അല്‌പം തമാശ കലർത്തി അവതരിപ്പിയ്‌ക്കുക എന്ന രീതിയാണ് രചനയിൽ അദ്ദേഹം സ്വീകരിച്ചത്. തെറ്റും ശരിയും പ്രസിദ്ധീകരിച്ചപ്പോൾ പലരും ചോദിച്ചു; ശരിയും തെറ്റും എന്നല്ലേ വേണ്ടത് എന്ന്. തെറ്റുകൾ ചൂണ്ടി കാട്ടി അത് തിരുത്തി ബോധ്യപ്പെടുത്തുകയാണ് തന്റെ പുസ്‌തകമെന്ന് പന്മന പറയും. അധ്യാപകർ വരുത്തുന്ന തെറ്റുകളെപ്പറ്റിയാണ് അദ്ദേഹം കൂടുതൽ എഴുതിയിട്ടുള്ളത്. കുട്ടികളെ ഭാഷ പഠിപ്പിക്കുന്ന അധ്യാപകൻ തെറ്റു വരുത്താൻ പാടില്ല എന്ന് ഈ ഭാഷാസ്‌നേഹി ദൃഢമായി വിശ്വസിക്കുന്നു.
മഴവില്ലിന് അൻപത്
പൻമന സാറിന്റെ ആദ്യ ബാലസാഹിത്യ കൃതി മഴവില്ല് പ്രസിദ്ധീകരിച്ചിട്ട് അൻപതാണ്ട് തികയുന്നു. ബാല കവിതകളെപ്പറ്റി മനസിലുണ്ടായിരുന്ന സങ്കല്‌പം അടർത്തിയെടുത്തതാണ് മഴവില്ല്. കുട്ടികളുടെ സൗന്ദര്യബോധം വളർത്തിയെടുക്കാൻ പ്രേരിപ്പിക്കുന്ന വസ്‌തുക്കളായിരിക്കണം വിഷയമായി സ്വീകരിക്കേണ്ടത് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം തന്റെ കുട്ടി കവിത ഈണത്തിൽ ചൊല്ലാൻ തുടങ്ങി.
ഏഴു നിറമുള്ള കൊട്ടാരം
ഏഴു നിലയുള്ള കൊട്ടാരം
ആരു പണിഞ്ഞതി കൊട്ടാരം
സൂര്യൻ പണിഞ്ഞതി കൊട്ടാരം
ആരെല്ലാം പാർക്കുന്ന കൊട്ടാരം
ആരോരും കേറാത്ത കൊട്ടാരം
കാലത്തു കണ്ട് കിഴക്ക്
വൈകിട്ടെന്തേ പടിഞ്ഞാറായി?
പെട്ടെന്നു മായുന്ന കൊട്ടാരം
അത്‌ഭുതം തന്നെയികൊട്ടാരം.
ഊഞ്ഞാൽ, പൂന്തേൻ, അപ്പൂപ്പനും കുട്ടികളും, ദീപശിഖാ കാളിദാസൻ എന്നീ ബാലസാഹിത്യകൃതികളും അദ്ദേഹം എഴുതിയിട്ടുണ്ട്.
നളചരിത തീർത്ഥാടനം
ഉണ്ണായി വാര്യരുടെ നളചരിതത്തിന് ഏആർ ഉൾപ്പെടെ ധാരാളംപേർ വ്യാഖ്യാനം എഴുതിയിട്ടുണ്ട്. പന്മനയുടെ കൈരളീവ്യാഖ്യാനം വേറിട്ട വായനാനുഭവമാണ്. മറ്റൊരു നിരൂപകനും സഞ്ചരിക്കാത്ത വഴികളിലൂടെ സാഹസിക പര്യടനം നടത്തുകയാണ് കൈരളീവ്യാഖ്യാനത്തിലൂടെ അദ്ദേഹം. താൻ ഏറെ ബഹുമാനിക്കുന്ന ഏആറിനെയും കുട്ടികൃഷ്‌ണ മാരാരെയും തന്റെ പുസ്‌തകത്തിലൂടെ ആദരിക്കുന്നു. ഋതുപർണ്ണൻ ഹാസ്യ കഥാപാത്രമാണെന്ന മാരാരുടെ വാദത്തെ നിശിതമായി ഖണ്‌ഡിച്ചും നളചരിതത്തിലെ സംഗീതത്തെപ്പറ്റിയുള്ള ഏആറിന്റെ നിരീക്ഷണത്തെ യുക്തിയുടെ പിൻബലത്തോടെ വിമർശിച്ചും പ്‌ളേറ്റോണിയൻ ചിന്തയുടെ വിമർശകനായ അരിസ്റ്റോട്ടിലിന് പിൻമുറക്കാരനായി പന്മന രാമചന്ദ്രൻനായർ.
കൈരളീവ്യാഖ്യാനം എഴുതുന്നതിനു മുന്നോടിയായി ഏആറിന്റെ മകൻ പ്രൊഫ.രാഘവവർമയെ കാണാൻ പോയ രംഗം ജീവിത രഹസ്യംപോലെ സൂക്ഷിക്കുന്നുണ്ട് അദ്ദേഹം. രാഘവവർമ എണ്ണയും തേച്ച് ചാരു കസേരയിൽ കിടക്കുകയാണ്. ഇനി പന്മന സാറിന്റെ വാക്കുകൾ; “ഞാൻ ചോദിച്ചു, അച്ഛന്റെ കൂടെ കഥകളി കാണാൻ പോയ വല്ല അനുഭവവും ഉണ്ടോ?” അദ്ദേഹം ഒറ്റ ചിരിയായിരുന്നു. “അച്ഛൻ കഥകളി കാണാൻ പോവൂല്ല”. ഞാൻ ആകെ ഞെട്ടിത്തരിച്ചുപോയി. എന്റെ ഭാവം കണ്ടിട്ട് വീണ്ടും പറഞ്ഞു, അച്ഛന് ഉറക്കം എളച്ചാൽ തലവേദനയെടുക്കും. പിറ്റേന്നു കോളജിൽ പോകാൻ പറ്റൂല്ല. ചെണ്ടയടികേട്ടാൽ തല വേദനിക്കും. പന്മന സാറിന്റെ ചിന്തയെ കീഴ്‌മേൽമറിച്ച മറുപടിയായിരുന്നു അത്. നളചരിതത്തെപ്പറ്റിയുള്ള ഏആറിന്റെ നിരീക്ഷണങ്ങളെ മറികടക്കാൻ എല്ലുറപ്പുള്ള ചിന്താബലം നൽകിയത് മകന്റെ ഈ സാക്ഷ്യപത്രമായിരുന്നു എന്ന് പന്മന.
പികെ പരമേശ്വരൻ സ്‌മാരക ട്രസ്റ്റിന്റെ ചെയർമാൻ കൂടിയായ പന്മന രാമചന്ദ്രൻനായർ മികച്ച സടഘാടകൻ കൂടിയാണ്. ഇരുപത്തിയഞ്ചോളം പ്രൗഢഗ്രന്ഥങ്ങളാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ട്രസ്റ്റ് പ്രസിദ്ധീകരിച്ചത്. വായനാമുറിയിൽ ചാരുകസേരയിൽകിടക്കുന്ന സാറിന്റെ എതിർവശത്തെ ഭിത്തിയിൽ ചട്ടമ്പി സ്വാമികളുടെയും ഏആറിന്റെയും ചിത്രങ്ങൾ. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ പടിവാതിൽക്കലെത്തിയുള്ള യാത്രയാക്കൽ. അപ്പോൾ സൂര്യൻ എല്ലാ പ്രതാപങ്ങളോടെയും പെയ്യുന്നുണ്ടായിരുന്നു. പന്മന സാറിന് അപ്പോൾ ഉച്ചസൂര്യന്റെ മുഖമായിരുന്നു.