ശരിയുടെ ശതാഭിഷേകം

ശരിയുടെ ശതാഭിഷേകം

പന്മനയുടെ ശതാഭിഷേകവേളയില്‍ 2014 ഒക്ടോബര്‍ 26നു അദ്ദേഹത്തെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന ആശംസാലേഖനം.

എസ്.എന്‍. ജയപ്രകാശ്‌

തെറ്റുകള്‍ നിറഞ്ഞ നമ്മുടെ കാലത്ത് ഭാഷയിലെ ശരികളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്ന ഒരാള്‍ പന്മന രാമചന്ദ്രന്‍ നായര്‍. ശതാഭിഷിക്തനാകുന്ന അദ്ദേഹത്തിന് ഭാവുകങ്ങള്‍.

പന്മന സാറിനെക്കുറിച്ച് എഴുതുമ്പോള്‍ പേടിക്കണം. തെറ്റിയാല്‍ സാര്‍ പിടിക്കും. വൃത്തമൊപ്പിക്കാന്‍ ഇല്ലാത്ത വാക്കുകളെഴുതിയ കവിശ്രേഷ്ഠന്‍മാരെ വരെ ഇദ്ദേഹം പിടികൂടിയിട്ടുണ്ട്. അതിനാല്‍ പന്മന സാര്‍ ‘ശതാഭിഷിക്തനാവുന്നു’ എന്ന് എഴുതാനൊരുങ്ങുമ്പോള്‍ ഒരു സംശയം: കേട്ടുപഴകിയ ഈ പ്രയോഗത്തില്‍ തെറ്റ് ഒളിഞ്ഞിരിപ്പുണ്ടോ?

‘ശതാഭിഷിക്തന്‍ തന്നെ. അതൊരു നല്ല സങ്കല്പമാണ്’, സാര്‍ ഉറപ്പിച്ചു. ശതാഭിഷിക്തനെന്നാല്‍ ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ടവന്‍. സാറിന്റെ കാര്യത്തില്‍ ശരികളുടെ പട്ടാഭിഷേകം നടത്തിയവന്‍.

പ്രൊഫ. പന്മന രാമചന്ദ്രന്‍നായര്‍ ഇപ്പോഴും വിശ്രമിക്കുന്നില്ല. തിരുവനന്തപുരത്ത് ഗാന്ധിനഗറിലെ ‘കൈരളി’യില്‍ പുസ്തകങ്ങള്‍ക്കുനടുവില്‍ അദ്ദേഹം കര്‍മനിരതനാണ്. താന്‍ അധ്യക്ഷനായ പി.കെ. പരമേശ്വരന്‍നായര്‍ ട്രസ്റ്റ് പുറത്തിറക്കുന്ന പുതിയ പുസ്തകത്തില്‍ ചേര്‍ക്കാനുള്ള ലേഖനത്തിന് ശുദ്ധിവരുത്തുകയാണ്

അദ്ദേഹം. അധ്യാപനത്തില്‍നിന്ന് വിരമിച്ച് 27 വര്‍ഷമായിട്ടും ‘നല്ല ഭാഷ’യുടെ അധ്യാപകനായി അദ്ദേഹം തുടരുന്നു.

പിന്നിട്ട ജീവിതത്തെക്കുറിച്ച് ‘സ്മൃതിരേഖകള്‍’ എന്നപേരില്‍ ആത്മകഥ എഴുതിയിട്ടുണ്ട് ഇദ്ദേഹം. സ്വന്തം ജീവിതംകൊണ്ട് ഒരുവന്‍ ആഹ്ലാദിക്കേണ്ടത് എങ്ങനെയെന്ന് ആ പുസ്തകം വായിച്ചാലറിയാം. മഹാരഥന്‍മാരുടെ ശിഷ്യന്‍, പ്രഗല്ഭനായ അധ്യാപകന്‍, മികച്ച നളചരി വ്യാഖ്യാനങ്ങളിലൊന്നിന്റെ സ്രഷ്ടാവ്, നല്ല മലയാളം സ്ഥാപിച്ചുകിട്ടാന്‍ വ്യാകരണപുസ്തകങ്ങളെഴുതിയ ഭാഷാധ്യാപകന്‍, അധ്യാപകന് കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനം പാടില്ലന്ന് വാദിച്ച സംഘടനാ പ്രവര്‍ത്തകന്‍… ഇങ്ങനെ പലതുണ്ട് അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍.

1931ല്‍ കൊല്ലം ജില്ലയിലെ പന്മനയിലാണ് ജനിച്ചത്; കുഞ്ചുനായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി. ചട്ടമ്പിസ്വാമികള്‍ പന്മന ആശ്രമത്തിലായിരുന്നപ്പോള്‍ അദ്ദേഹത്തെ പരിചരിച്ചിരുന്നത് അച്ഛനായിരുന്നു. സംഗീതം പഠിച്ചിട്ടുള്ള കുഞ്ചുനായരെ സ്വാമി, ഭാഗവതരെന്നാണ് വിളിച്ചിരുന്നത്. സംസ്‌കൃതത്തില്‍ ശാസ്ത്രി, ഫിസിക്‌സില്‍ ബി.എസ്സി., മലയാളത്തില്‍ ഒന്നാം റാങ്കോടെ എം.എ. ഇവയാണ് പന്മനയുടെ ബിരുദങ്ങള്‍. യൂണിവേഴ്‌സിറ്റി കോളേജില്‍ എം.എ.യ്ക്ക് പഠിക്കുമ്പോള്‍ പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ശിഷ്യനായിരുന്നു. കൊല്ലം ഫാത്തിമമാതാ കോളേജിലാണ് പഠിപ്പിച്ചുതുടങ്ങിയത്. സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത് പാലക്കാട് ഗവ. വിക്ടോറിയ കോളേജില്‍. പ്രൊഫ. എസ്. ഗുപ്തന്‍നായര്‍ ആയിരുന്നു അവിടെ വകുപ്പ് മേധാവി. താമസവും ഗുപ്തന്‍നായര്‍ക്കൊപ്പം. അന്ന് ബി.എ.യ്ക്ക് മലയാളം പഠിക്കാന്‍ ആണ്‍കുട്ടികള്‍ കുറവായിരുന്നു. പ്രീഡിഗ്രിക്ക് നല്ലവണ്ണം കോമ്പോസിഷന്‍ എഴുതിയിരുന്ന രണ്ട് കുട്ടികളെ കണ്ടെത്തി മലയാളം ബി.എ.യ്ക്ക് ചേര്‍ത്തു. അവര്‍ പ്രശസ്തമായ നിലയില്‍ മലയാളത്തില്‍ത്തന്നെ എം.എ.യും നേടി. ഷൊറണൂര്‍ കാര്‍ത്തികേയനും കല്പറ്റ ബാലകൃഷ്ണനും ആയിരുന്നു ആ കുട്ടികള്‍. പിന്നീട് അവര്‍ പ്രശസ്തരായ അധ്യാപകരും എഴുത്തുകാരുമായി.

ചെറുപ്പത്തില്‍ കവിതകള്‍ എഴുതുമായിരുന്നു. എല്ലാം ചങ്ങമ്പുഴയെ ധ്യാനിച്ചെഴുതിയ പ്രേമഗാനങ്ങള്‍. അതൊരു കവിതാസമാഹാരമാക്കാന്‍ ഗുപ്തന്‍നായര്‍ നിര്‍ബന്ധിച്ചു. പക്ഷേ, പുസ്തകം ഇറക്കിയാല്‍ കുട്ടികള്‍ വായിച്ചിട്ട് എന്തുപറയും എന്നതായിരുന്നു സംശയം. കാളിദാസന്റെയും വള്ളത്തോളിന്റെയും കവിതകളുടെ പോരായ്മ ചൂണ്ടിക്കാണിക്കുന്ന മാഷിന്റെ കവിത ഇതാണല്ലോ എന്നവര്‍ ചിന്തിക്കില്ലേ? ഈ സംശയംകൊണ്ട് സമാഹാരം പ്രസിദ്ധീകരിച്ചില്ല. വെളിച്ചം കാണാത്ത ആ സമാഹാരത്തോടെ കവിതയില്‍നിന്ന് താന്‍ രക്ഷപ്പെട്ടെന്ന് പന്മന പറയും. മക്കള്‍ക്ക് വായിക്കാനെഴുതിയ കുട്ടിക്കവിതകളുടെ സമാഹാരങ്ങള്‍ മാത്രമാണ് കവിതകളായി അദ്ദേഹം പ്രസിദ്ധീകരിച്ചത്.

എന്തുചെയ്യുമ്പോഴും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായിരിക്കണമെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം. കവിതയും സാഹിത്യലേഖനങ്ങളുമൊക്കെ എഴുതാന്‍ പ്രതിഭാശാലികള്‍ ധാരാളമുണ്ട്. ഭാഷാശുദ്ധിയെക്കുറിച്ച് പറയാന്‍ ആളില്ല. അതുകൊണ്ട് അധ്യാപനത്തിനിടെ ശുദ്ധഭാഷയുടെ പ്രചാരണത്തിനായി വേറിട്ടൊരു വഴി അദ്ദേഹം തിരഞ്ഞെടുത്തു.

ശരികളുടെ ആ വഴി ശരിയായിരുന്നെന്ന് പിന്നീട് ഈ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ തെളിയിച്ചു.

വ്യാകരണ പുസ്തകങ്ങള്‍ എടുക്കാച്ചരക്കായ മലയാളത്തില്‍ പന്മന എഴുതിയ ‘തെറ്റും ശരിയും’ എന്ന പുസ്തകം ചൂടപ്പംപോലെ വിറ്റഴിഞ്ഞു. വ്യാകരണത്തിന്റെ ‘ഉദ്ദണ്ഡ’ മട്ടൊന്നുമില്ലാതെ ഏത് സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന യുക്തിയോടെ നര്‍മമധുരമായി അദ്ദേഹം ഒരു ‘ജനകീയ വ്യാകരണം’ അവതരിപ്പിച്ചു. നാട്ടുഭാഷയുടെ ചാരുതയോടെ സരളമായി വ്യാകരണം പറഞ്ഞ ഈ പുസ്തകമാണ് സാധാരണക്കാരനില്‍ ഭാഷാവിശുദ്ധിയെപ്പറ്റിയുള്ള ചിന്തകള്‍ പാകിയത്. വ്യാകരണ പുസ്തകങ്ങളുടെ പ്രചാരത്തിനിടയില്‍ അദ്ദേഹത്തിന്റെ അക്കാദമിക രചനകള്‍ അധികമാരും ശ്രദ്ധിക്കാതെപോയി. 640 പേജുള്ള നളചരിതം ആട്ടക്കഥാവ്യാഖ്യാനം, ഈ ആട്ടക്കഥയെപ്പറ്റി അന്നേവരെയുണ്ടായിരുന്ന പല വാദങ്ങളെയും ഖണ്ഡിക്കുന്നതായിരുന്നു. രാജരാജവര്‍മയെക്കുറിച്ച് ഭാഷയിലുണ്ടായ ശ്രദ്ധേയ നിരൂപണമാണ് പന്മനയുടെ ‘നവയുഗശില്പി രാജരാജവര്‍മ’.

എം.എ. ക്ലാസില്‍പ്പോലും കേട്ടെഴുത്ത് നടത്തിയാണ് ഈ അധ്യാപകന്‍ വാക്കിന്റെ വിശുദ്ധിയെക്കുറിച്ച് കുട്ടികളെ ഓര്‍മിപ്പിച്ചത്. ഉത്തരക്കടലാസുകളിലെ ഊറിച്ചിരിപ്പിക്കുന്ന തെറ്റുകളാണ് ഭാഷയിലെ ശരികളെക്കുറിച്ച് എഴുതാന്‍ പന്മനയെ പ്രേരിപ്പിച്ചത്. ശരികള്‍ തേടുന്നതിനിടയില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച തെറ്റുകളും അദ്ദേഹം അവതരിപ്പിച്ചു. ‘ആ കവിതാഭാഗം വായിച്ചപ്പോള്‍ എന്റെ ഹൃദയത്തില്‍ വല്ലാത്തൊരു സ്​പൃക്കുണ്ടായി’, ‘കാളിയന്‍ കൃഷ്ണനെ ദംശിച്ചു. അതുകൊണ്ടും മതിവരാതെ പലതവണ കടിക്കുകയും ചെയ്തു’, ‘പിച്ചകമേ, എന്‍. അച്യുതന്‍ ഈ വഴിയെങ്ങാനും പോയോ?’ (‘എന്നച്യുതന്‍’ എന്ന പ്രയോഗത്തിലെ ‘എന്‍’ അച്യുതന്റെ ഇനിഷ്യലാണെന്ന് കുട്ടി കരുതിപ്പോയി)… ഇങ്ങനെ എത്രയെത്ര കുപ്രസിദ്ധ തെറ്റുകള്‍! തെളിമലയാളത്തിനായി അഞ്ച് പുസ്തകങ്ങളാണ് അദ്ദേഹം എഴുതിയത്: ശുദ്ധമലയാളം, തെറ്റും ശരിയും,

മലയാളവും മലയാളികളും, തെറ്റില്ലാത്ത ഉച്ചാരണം,തെറ്റില്ലാത്ത മലയാളം എന്നിവ. ഈ അഞ്ചും ചേര്‍ത്ത് ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

തിരുത്താനിറങ്ങിയതില്‍ ഹര്‍ത്താലിന്റെ മുന്നില്‍ സാര്‍ പരാജയപ്പെട്ടുപോയി. ഹര്‍ത്താലും ബന്ദും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എം.എം.ഹസ്സന്‍ തിരുവനന്തപുരത്ത് നടത്തിയ സത്യാഗ്രഹത്തില്‍ സാറും പങ്കെടുത്തു. സത്യാഗ്രഹം വന്‍വിജയമായി. പക്ഷേ, ഹസ്സന്റെ കോണ്‍ഗ്രസുപോലും ഈ ജനദ്രോഹ നടപടികള്‍ തുടര്‍ന്നു. തിരുത്തിയിട്ടും തിരുത്തിയിട്ടും രക്ഷയില്ലാത്ത ഒരു തെറ്റിനെക്കുറിച്ച് ചോദിച്ചാല്‍ പന്മന ‘ആള്‍ക്കാര്‍’ എന്ന പ്രയോഗത്തെ ചൂണ്ടിക്കാട്ടും. മുമ്പൊക്കെ ‘ആളുകള്‍’ എന്നേ എല്ലാവരും പറഞ്ഞിരുന്നുള്ളൂ. ‘ആള്‍’ എന്നത് ഏകവചനം. ‘ആളുകള്‍’ എന്നത് ബഹുവചനം. എന്നാല്‍, കുറേക്കാലമായി ഈ ‘ആള്‍ക്കാര്‍’ മുളച്ചുവളര്‍ന്ന് നില്‍ക്കുന്നു. ഇതേത് കാറെന്ന് സാറിന് ഇനിയും മനസ്സിലായിട്ടില്ല. ‘ആള്‍ക്കാര്‍’ ശരിയാണെങ്കില്‍ സ്ത്രീക്കാര്‍ , കുട്ടിക്കാര്‍ എന്നൊക്കെപ്പറഞ്ഞാലും ശരിയാവില്ലേ?, സാര്‍ ചോദിക്കുന്നു.

വിശുദ്ധഭാഷയുടെ ഈ പോരാളിയോട് അദ്ദേഹത്തിന്റെ ശതാഭിഷേകവേളയില്‍ നമുക്ക് നന്ദിപറയാം; തെറ്റുകള്‍ നിറഞ്ഞ നമ്മുടെ കാലത്ത് ഭാഷയിലെ ശരികളെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുന്നതിന്.

Pin It on Pinterest